പട്ടത്തു കുഞ്ഞുണ്ണി നമ്പ്യാരുടെ ഒരു രസികൻ ശ്ലോകം



“ജഗത്തൊക്കെ നന്നായ്പ്പരന്നിട്ടു പണ്ടേ –
യിരുപ്പുണ്ടു നേരെന്നു പേരായ വസ്തു
ക്രമത്താലതിപ്പോൾച്ചുരുങ്ങിച്ചുരുങ്ങി –
പ്പണത്തോളമേയുള്ളുവെന്നായിവന്നൂ”

കണ്ണശ്ശരാമായണം

അറിയാമസ്തമയം താമരമല –
രഴകൊടു കൂമ്പീടുന്നതുകണ്ടും
നിറമേറിയ കുമുദാകരമെങ്ങും
നിരവിൽ മലർന്നൊളിവായതുപാർത്തും
പറവാനിന്ന പതത്രികളും നിജ-
ഭവനേ മേവീടിന്നതു പാർത്തും
കുറയാതേ വീചും പരിമളമൊടു
കൂടിയ മാലതി വിരിവതുകണ്ടും
….
ഏറിയ വർഷമയം കണ്ണീർ വാർ –
ത്തീടിയ കാറ്റാം ദീർഘശ്വാസമൊ-
ടീറിയിലാ വൈവർണ്ണ്യത്തോടു –
മിരുന്നിടിനാദമെനും മുറയോടും
വേറതിശോകത്തോടേ കൂട-
വിലാപിക്കിന്നതു പോലാകാശം
മാറിയിലാത വികാരമിയന്നു
മയങ്ങിയവാറിതു കാൺ സൌമിത്രേ

(കണ്ണശ്ശരാമായണത്തിൽ നിന്നും)

കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള

ഒരു പഴയ പാട്ട്



മണക്കിണതെന്തോര്?
മണക്കിണതു പുഴുവല്യോ?

പുഴുവെങ്കിൽ ചൂടൂല്യോ?
ചൂടിണതു കുടയല്യോ?

കുടയെങ്കിൽ കെട്ടൂല്യോ?
കെട്ടണതു വീടല്യോ?

വീടെങ്കിൽ മേയൂല്യോ?
മേയിണതു പയ്യല്യോ?

പയ്യെങ്കിൽ ചുറ്റൂല്യോ?
ചുറ്റിണതു ചെക്കല്യോ?

ചെക്കെങ്കിലാടൂല്യോ?
ആടിണതു പാമ്പല്യോ?

പാമ്പെങ്കിലെരയ്ക്കൂല്യോ?
എരക്കിണതു കടലല്യോ?

കടലെങ്കിൽ മിന്നൂല്യോ?

മിന്നിണതു വാളല്യോ?

വാളെങ്കിൽ വെട്ടൂല്യോ?
വെട്ടിണതു പോത്തല്യോ?

പോത്തെങ്കിൽ കെട്ടൂല്യോ?
കെട്ടിണതു പെണ്ണല്യോ?

(കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള)