കണ്ണശ്ശരാമായണം

അറിയാമസ്തമയം താമരമല –
രഴകൊടു കൂമ്പീടുന്നതുകണ്ടും
നിറമേറിയ കുമുദാകരമെങ്ങും
നിരവിൽ മലർന്നൊളിവായതുപാർത്തും
പറവാനിന്ന പതത്രികളും നിജ-
ഭവനേ മേവീടിന്നതു പാർത്തും
കുറയാതേ വീചും പരിമളമൊടു
കൂടിയ മാലതി വിരിവതുകണ്ടും
….
ഏറിയ വർഷമയം കണ്ണീർ വാർ –
ത്തീടിയ കാറ്റാം ദീർഘശ്വാസമൊ-
ടീറിയിലാ വൈവർണ്ണ്യത്തോടു –
മിരുന്നിടിനാദമെനും മുറയോടും
വേറതിശോകത്തോടേ കൂട-
വിലാപിക്കിന്നതു പോലാകാശം
മാറിയിലാത വികാരമിയന്നു
മയങ്ങിയവാറിതു കാൺ സൌമിത്രേ

(കണ്ണശ്ശരാമായണത്തിൽ നിന്നും)

കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള

ഒരു പഴയ പാട്ട്



മണക്കിണതെന്തോര്?
മണക്കിണതു പുഴുവല്യോ?

പുഴുവെങ്കിൽ ചൂടൂല്യോ?
ചൂടിണതു കുടയല്യോ?

കുടയെങ്കിൽ കെട്ടൂല്യോ?
കെട്ടണതു വീടല്യോ?

വീടെങ്കിൽ മേയൂല്യോ?
മേയിണതു പയ്യല്യോ?

പയ്യെങ്കിൽ ചുറ്റൂല്യോ?
ചുറ്റിണതു ചെക്കല്യോ?

ചെക്കെങ്കിലാടൂല്യോ?
ആടിണതു പാമ്പല്യോ?

പാമ്പെങ്കിലെരയ്ക്കൂല്യോ?
എരക്കിണതു കടലല്യോ?

കടലെങ്കിൽ മിന്നൂല്യോ?

മിന്നിണതു വാളല്യോ?

വാളെങ്കിൽ വെട്ടൂല്യോ?
വെട്ടിണതു പോത്തല്യോ?

പോത്തെങ്കിൽ കെട്ടൂല്യോ?
കെട്ടിണതു പെണ്ണല്യോ?

(കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള)

ഉണ്ണിച്ചീരുതേവിചരിതം

പതിനാലാം നൂറ്റാണ്ടിലെ ഉണ്ണിച്ചീരുതേവിചരിതത്തിൽ നിന്നും . തമിഴ് സ്വാധീനം ഭാഷയിലും അന്താദിരീതിയിലും (ഒരു വരിയുടെ അവസാനം അടുത്ത വരിയുടെ തുടക്കമാകുന്ന രീതി) ശ്രദ്ധേയം

വളമാന്തെഴും കതളി
തളിരീടുകാവുനില
നിലയം ചമൈഞ്ഞ കളി
കളിയുണ്ടു പാടുമളി

മളിനീകൃതസ്തബക
ബകകർണ്ണികാരമയ
മയകില്പൊടിക്കുമക
മകരന്ദപാനപര

പരപുഷ്ടമുല്ലസിത.
സിതമുല്ല നൽ കമിഴ്
കമിഴിൻറ പൂവുമിഴ
മിഴിയിന്റ രേണുമധു

മധുരം മലിഞ്ഞവനി
വനിതാംഗിശോഭി കൊടി
കൊടി ചുറ്റി നീൾകമുകു
മുകിൽ ചാർന്നു തോൻറുമെടം

അടവീസമേതമയിൽ
മയിലെൾ പൊലിഞ്ഞ മല
മലരാകുലാവിലയിൽ
വിലയല്ലയാത തല

തല തത്തുമുച്ചമര
ചമരപ്രഭൂതരുചി
തരുചിത്രകാനലവു
പലവുള്ളടം കുഹചിൽ

(കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള)

രാമചരിതം

ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ –
നായികേ! പരവയിൽത്തിരകൾ നേരുടനുടൻ

തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം
ചേതയുൾത്തുടർന്നു തോൻറുംവണ്ണമിൻറു മുതലായ്

ഊനമറ്റെഴുമീരാമചരിതത്തിലൊരു തെ.
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്വാൻ

ഞാനുടക്കിനതിനേണനയനേ! നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ

(പന്ത്രണ്ടാം നൂറ്റാണ്ടിനടുത്തു എഴുതിയ മലയാളകൃതിയായ രാമചരിതത്തിൽ നിന്നും, അന്നത്തെ തിരുവിതാങ്കൂർ മഹാരാജാവ് എഴുതിയതാണത്രേ. ഭാഷയിലെ തമിഴ് സ്വാധീനം ശ്രദ്ധേയം!)

കടപ്പാട്: മലയാളകാവ്യരത്നാകരം, ശൂരനാട്ട് കുഞ്ഞൻ പിള്ള